International
പാഫോസ് (സൈപ്രസ്): ഇറാൻ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ ഇന്ധനനീക്കം പുനരാരംഭിക്കാൻ ഫ്രാൻസും സഖ്യകക്ഷികളും പ്രതിരോധ ദൗത്യം തയാറാക്കി വരുന്നതായി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ.
സൈപ്രസിനെതിരായ ഇറേനിയൻ ആക്രമണം യൂറോപ്പിനും ഫ്രാൻസിനും എതിരായ ആക്രമണമാണെന്നും മക്രോൺ വ്യക്തമാക്കി. സൈപ്രസിലെ തെക്കുപടിഞ്ഞാറൻ തീരദേശനഗരമായ പാഫോസിൽ പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്.
ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര വ്യാപാരത്തിനു മാത്രമല്ല വാതകത്തിന്റെയും എണ്ണയുടെയും നീക്കത്തിനും അത്യന്താപേക്ഷിതമാണ്. പാതയിലൂടെ ഗതാഗതം പുനരാരംഭിക്കാൻ യൂറോപ്യൻ, യൂറോപ്യൻ ഇതര രാജ്യങ്ങൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും മക്രോൺ വ്യക്തമാക്കി.
സമ്മേളനത്തിൽ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ്, ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്സോട്ടാകിസ് എന്നിവരും പങ്കെടുത്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷാവസ്ഥ പരിഹരിക്കാനും സമാധാനത്തിനായും സംയുക്തമായി നീങ്ങാനാണ് ഇരു നേതാക്കളുടെയും തീരുമാനം.
ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ആശയവിനിമയത്തെ കുറിച്ച് മോദി തന്നെയാണ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഫോണിലൂടെയാണ് ഇരുനേതാക്കളും തമ്മിൽ സംസാരിച്ചത്.
മേഖലയിലെ സംഘർഷ സാഹചര്യങ്ങളിൽ ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിക്കുകയും സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകളിലേക്കും സംവാദങ്ങളിലേക്കും മടങ്ങേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തുകയും ചെയ്തു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയും ഫ്രാൻസും വരും ദിവസങ്ങളിൽ സഹകരണത്തോടെയും ഏകോപനത്തോടെയും പ്രവർത്തിക്കുമെന്നും നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു.
Business
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ രാജ്യത്തിന്റെ തദ്ദേശീയ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യുപിഐയെ (യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ്) പ്രകീർത്തിച്ചു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍.
140 കോടി ജനങ്ങൾക്കു ഡിജിറ്റൽ വ്യക്തിത്വം നൽകുന്ന സംവിധാനത്തിലൂടെ മറ്റൊരു രാജ്യത്തിനും സാധിക്കാത്തത് ഇന്ത്യക്കു നിർമിക്കാൻ കഴിഞ്ഞുവെന്നും മാക്രോണ്‍ പ്രശംസിച്ചു.
ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് പേമെന്റ് ഇൻഫ്രാസ്ട്രക്ചറിനു കീഴിൽ പ്രതിമാസം 2000 കോടി പണമിടപാടുകൾ നടത്താൻ കഴിയുന്ന സംവിധാനവും 50 കോടി ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡുകൾ പുറപ്പെടുവിച്ച ആരോഗ്യ പ്ലാറ്റ്ഫോമും വികസിപ്പിക്കാൻ കഴിഞ്ഞുവെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് മാക്രോണ്‍ പറഞ്ഞു.
പത്തു വർഷം മുന്‍പ് ഒരു വഴിയോര കച്ചവടക്കാരന് മുംബൈയിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലായിരുന്നുവെന്നും പക്ഷേ ഇന്ന് അയാൾക്കു രാജ്യത്തെവിടെനിന്നു വേണമെങ്കിലും ഓണ്‍ലൈനായി പണമിടപാടുകൾ സ്വീകരിക്കാൻ കഴിയുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
അടുത്ത തവണത്തെ ജി7 ഉച്ചകോടിക്ക് ഫ്രാൻസ് ആതിഥേയത്വം വഹിക്കാനിരിക്കേ എഐ ദുരുപയോഗത്തിൽനിന്നു കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഫ്രാൻസിന്റെ ജി7 മുൻഗണനയെന്നും 15 വയസിൽ താഴെയുള്ള കുട്ടികളുടെ സമൂഹമാധ്യമ നിരോധനത്തിന് ഫ്രാൻസ് തയാറെടുക്കുകയാണെന്നും മാക്രോണ്‍ വ്യക്തമാക്കി.
52-ാമത് ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച മാക്രോൺ, കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിൽ ഇടപെടൽ നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.
National
മുംബൈ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്നു പുലർച്ചെ മുംബൈയിലെത്തി. മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഫ്രഞ്ച് പ്രസിഡന്റിനെയും ഭാര്യയെയും വിമാനത്താവളത്തിൽ സ്വീകരിച്ചു. ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിൻഡെ, സുനേത്ര പവാർ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ മേഖലകളിലേക്കു സഹകരണം വ്യാപിപ്പിക്കാനുമാണു സന്ദർശനം ലക്ഷ്യമിടുന്നത്. 19 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിനിടെ ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടിയിലും മാക്രോൺ പങ്കെടുക്കും.
സൗത്ത് മുംബൈയിലുള്ള ലോക് ഭവനിൽ പ്രധാനമന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉച്ചകഴിഞ്ഞ് ഇരു നേതാക്കളും ചേർന്ന് "ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026' ഉദ്ഘാടനം ചെയ്യും. തുടർന്ന് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, സാങ്കേതിക വിദഗ്ധർ എന്നിവരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ആർട്ടിഫിഷൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുകയാണു ലക്ഷ്യം.
മാക്രോണിന്റെ നാലാമത്തെ ഇന്ത്യാ സന്ദർശനമാണിത്. ബിസിനസ്-സാംസ്കാരിക-സാങ്കേതിക മേഖലയിലെ പ്രമുഖർ ഉൾപ്പെടുന്ന സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.
National
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മൂന്നു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തുന്നു.
17, 18,19 തീയതികളിലാണ് മാക്രോൺ ഇന്ത്യയിലുണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മാക്രോൺ ചർച്ച നടത്തും. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
International
പാരീസ്: ഫ്രാൻസിൽനിന്ന് 100 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള താത്പര്യപത്രം യുക്രെയ്ൻ ഒപ്പിട്ടതായി യുക്രെയ്ൻ എംബസിയും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസും അറിയിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചേർന്ന് ഇന്നലെയാണ് രേഖയിൽ ഒപ്പിട്ടതെന്നാണു വിവരം.
പ്രസിഡന്റിന്റെ ഓഫീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം ഒൻപതാം തവണയാണ് സെലൻസ്കി പാരീസ് സന്ദർശിക്കുന്നത്.
യുക്രെയ്നിന്റെ ഊർജനിലയങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുന്പോൾ മറ്റൊരു ശൈത്യകാലത്തിലേക്കു കാലെടുത്തുവയ്ക്കുന്ന യുക്രെയ്ൻ തങ്ങളുടെ പ്രതിരോധസംവിധാനങ്ങൾ ശക്തമാക്കാനുള്ള ശ്രമത്തിലാണ്.
Kerala
പാരിസ്: പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയിൽ നടന്ന ഉച്ചകോടിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപനം നടത്തിയത്.
സമാധാനവും സുരക്ഷയും കൈകോർത്ത് നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാക്രോൺ പറഞ്ഞു. ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏകപരിഹാരം പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കുന്ന ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിർത്താൻ തങ്ങളാലാവുന്നതെല്ലാം ചെയ്യും. പലസ്തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രയേൽ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും മാക്രോൺ പറഞ്ഞു.
പലസ്തീൻ- ഇസ്രയേൽ പ്രശ്ന പരിഹാരത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന അജൻഡയിൽ ന്യൂയോർക്കിൽ നടക്കുന്ന വാർഷിക യുഎൻ പൊതുസഭയ്ക്ക് മുന്നോടിയായാണ് ഫ്രാൻസ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതായി ഞായറാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാൻസും പിന്തുണയുമായി രംഗത്ത് എത്തിയത്.